കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആര്‍എസ്എസിന്റെ ഗണഗീതം പാടിയത്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്.

നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതികള്‍. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗാനമേളയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്‌ഐആറിലുള്ളത്.

സംഭവത്തില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ദേശഭക്തിഗാനമാണ് ആലപിച്ചതെന്നായിരുന്നു ഉത്സവ കമ്മിറ്റി കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം.