രാജ്യം ഗുരുതരമായ വെല്ലുവിളി നേരിടുമ്പോൾ കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ തലത്തിൽ സിപിഐഎമ്മിനുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. ഇതിനായി രാജ്യത്തെ സിപിഐഎം ഒറ്റക്കെട്ടായി അണിനിരക്കണം.
നവ വർഗീയ ഫാസിസം രാജ്യത്ത് ശക്തിപ്പെടുന്നുവെന്നും എമ്പുരാൻ സിനിമയ്ക്കുണ്ടായ അനുഭവം അതിന് തെളിവാണെന്നും എം.എ. ബേബി പറഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി ആയതിനു ശേഷം എകെജി സെന്ററിൽ നൽകിയ സ്വീകരണത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണത്തിൽ കാണിച്ച ആവേശം വരുന്ന തെരഞ്ഞെടുപ്പുകളിലും കാണിക്കണമെന്നും എം.എ. ബേബി പറഞ്ഞു.
എമ്പുരാൻ സിനിമയ്ക്ക് നേരെയുണ്ടായത് ഗുരുതരമായ നിയമലംഘനമാണെന്നും ഫാസിസ്റ്റ് നടപടിയാണെന്നും എം.എ. ബേബി പറഞ്ഞു. സെൻസറിങ് അനുമതി ലഭിച്ച സിനിമയ്‌ക്കെതിരെയാണ് വീണ്ടും പ്രതിഷേധം ഉണ്ടായതെന്നും സിപിഐഎം സെക്രട്ടറി അറിയിച്ചു.
എകെജി സെന്ററിൽ ലഭിച്ചത് വ്യക്തിപരമായി ലഭിച്ച സ്വീകരണമായി കരുതുന്നില്ല. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. പാർട്ടിയിൽ ജനറൽ സെക്രട്ടറി ആകാൻ യോഗ്യരായ നിരവധി നേതാക്കൾ ഉണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുകയാണ് വേണ്ടത്. സ്വീകരണത്തിൽ കാണിച്ച ആവേശം അതിലും ഉണ്ടാകണമെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.