കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ കുറ്റാരോപിതരായ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര മേഖലാ ഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നേരത്തെ എടുത്ത നടപടി പുനഃപരിശോധിക്കാനും ഉത്തരവില്‍ പറയുന്നു.
വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ നൂഹ്‌മാന്‍, മണ്ണൂത്തി സിപിഒ സന്ദീപ് എസ്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിപിഒ ശശിധരന്‍, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിപിഒ സജീവന്‍ കെ.ജെ. എന്നിവര്‍ക്കെതിരെയാണ് നടപടി.
കുന്നംകുളം കസ്റ്റഡി മര്‍ദനം: കുറ്റാരോപിതര്‍ക്കെതിരെ അതിവേഗം നടപടിയുണ്ടാകുമെന്ന് ഡിഐജി
നേരത്തെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ഡിഐജി ഹരിശങ്കര്‍ ശുപാര്‍ശ നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതോടെയാണ് തീരുമാനമെന്നും ഡിഐജി വ്യക്തമാക്കിയിരുന്നു.
കോടതി നേരിട്ട് ക്രിമിനല്‍ കേസ് എടുത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടിക്ക് വീണ്ടും ശുപാര്‍ശ ചെയ്തത്. മുന്‍പ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കിലും അന്ന് ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തിരുന്നില്ല. വിഷയത്തില്‍, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ഡിഐജി ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥലത്തിലും നിയമ വിദഗ്ധരുമായും അഭിപ്രായങ്ങള്‍ തേടിയിരുന്നു.
പൊലീസില്‍ നിന്നും തദ്ദേശ വകുപ്പിലേക്ക് ജോലി മാറിയ ഉദ്യോഗസ്ഥനെതിരായ നടപടി സ്വീകരിക്കേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പാണെന്നും ഡിഐജി പറഞ്ഞു. അക്കാര്യം സംബന്ധിച്ച് ഐജി തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കും. കോടതി നടപടികള്‍ സുതാര്യമായി നടക്കുന്നതിനാലാണ് നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്.
കുറ്റാരോപിതരായ അഞ്ചു പേരുടെയും അച്ചടക്ക നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിവേഗത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഫലത്തില്‍ വരുമെന്നും ഡിഐജി പറഞ്ഞിരുന്നു.