ക്യാൻസർ ചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി റഷ്യ. റഷ്യയുടെ കാൻസർ വാക്‌സിനായ എൻ്റോമിക്‌സ് ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. എംആർഎൻഎ (mRNA) അധിഷ്‌ഠിത വാക്‌സിനായ എൻ്റോമിക്‌സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പു നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതിൽ വാക്സിൻ വിജയിച്ചതായാണ് റിപ്പോർട്ട്.
വാക്‌സിൻ ഇപ്പോൾ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാണെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസിയും (എഫ്എംബിഎ) പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ വാക്സിൻ ആവർത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിക്കും അവരുടെ വ്യക്‌തിഗത ആർഎൻഎയ്ക്ക് അനുസൃതമായി വാക്‌സിനിൽ പരിഷ്കരണങ്ങൾ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി വെറോണിക്ക സ്കോർട്ട്സോവ പറഞ്ഞു.
കൊളോറെക്‌ടൽ കാൻസറിനെ ചികിത്സിക്കാൻ വാക്‌സിനിൻ്റെ ആദ്യ രൂപം ഉപയോഗിക്കുമെന്നും ഗ്ലിയോബ്ലാസ്റ്റോമ, മെലനോമ, സ്‌കിൻ ക്യാൻസർ എന്നിവയ്ക്കുള്ള പതിപ്പുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഡിജിറ്റൽ വാർത്താ സേവനമായ സ്‌പുട്‌നികാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.