കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്ലിനെ (ഡിഎംസി) ഹൈജാക്ക് ചെയ്യുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചറിയണമെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി. ഡിജിറ്റല്‍ മീഡിയാ സെല്‍ എന്ന ലേബല്‍ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും പ്രതിരോധിക്കാനാണ് ഉപയോഗിക്കേണ്ടതെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ വെല്ലുവിളിക്കാനും പ്രതിസന്ധിയിലാക്കാനും ചിലര്‍ ഉപയോഗിക്കുന്ന ലേബലല്ല ഡിഎംസി എന്നും മുബാസ് ഓടക്കാലി പറഞ്ഞു.
കെപിസിസി നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ വെല്ലുവിളിക്കുന്നതും കെപിസിസി നേതാക്കളെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ തെറിവിളിക്കുന്നതുമല്ല ഡിഎംസിയുടെ പ്രവര്‍ത്തനമെന്നും പാര്‍ട്ടിക്ക് അകത്തുനിന്ന് പാര്‍ട്ടിയുടെ കഴുക്കോല്‍ ഊരാന്‍ നോക്കുന്ന പ്രവര്‍ത്തിയല്ല ഡിഎംസി ചെയ്യേണ്ടതെന്നും മുബാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എല്ലാ പാര്‍ട്ടികള്‍ക്കും ഡിജിറ്റല്‍ മീഡിയാ സെല്ലുകളുണ്ട്. ബിജെപിക്കും സിപിഎമ്മിനുമെല്ലാം ഉളള ഡിഎംസികള്‍ കോണ്‍ഗ്രസിനേക്കാള്‍ പത്തിരട്ടി പണം ചിലവഴിച്ചും ശക്തി കാണിച്ചും നില്‍ക്കുമ്പോഴാണ് സാധാരണക്കാരായ കോണ്‍ഗ്രസുകാര്‍ സോഷ്യല്‍ മീഡിയയില്‍ അവരോട് കഷ്ടപ്പെട്ട് പോരാടുന്നത്. മറ്റ് പാര്‍ട്ടികളിലെല്ലാം ഡിഎംസി നിഴല്‍ പോലെ കര്‍ട്ടന് പുറകില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ പാര്‍ട്ടിയെയും നേതാക്കളെയും വെല്ലുവിളിക്കും വിധം ഡിഎംസി ലേബലിലുളള ചിലരുടെ അഹങ്കാരം.
നാലും മൂന്നൂം ഏഴ് ഫേക്ക് ഐഡികളില്‍ നിന്ന് നിങ്ങളുണ്ടാക്കുന്ന വെറുപ്പിന്റെ പാര്‍ട്ടി പ്രവര്‍ത്തനം പാര്‍ട്ടിക്ക് ദോഷം മാത്രമേ ചെയ്യൂ. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ സെല്ലില്‍ സരിന്‍ ഉണ്ടാക്കിയെടുത്ത സൈബര്‍ ഗുണ്ടകള്‍ ഇനി വേണ്ട. പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെവെച്ച് ഡിഎംസി പുനസംഘടിപ്പിക്കണം. കെപിസിസി നേതൃത്വം മൗനം വെടിഞ്ഞ് ഈ ഗുണ്ടകള്‍ക്കെതിരെ പ്രതികരിക്കണം.':മുബാസ് ഓടക്കാലി ഫേസ്ബുക്കില്‍ കുറിച്ചു.
വിദേശരാജ്യങ്ങളില്‍ ഇരുന്ന് സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി പാര്‍ട്ടി നേതാക്കളെ ഫേക്ക് ഐഡിയില്‍ നിന്നും തെറിവിളിച്ചും അല്ലാതെയും പാര്‍ട്ടിയെ ഇല്ലാതാക്കിക്കളയാം എന്ന ധാരണയാണ് ചിലര്‍ക്കുളളതെന്നും പാര്‍ട്ടി നിലനില്‍ക്കുന്നത് സോഷ്യല്‍ മീഡിയ വഴി മാത്രമല്ല, നിങ്ങള്‍ കാണിക്കുന്ന തെമ്മാടിത്തരങ്ങള്‍ കണ്ടിട്ടും തെരുവില്‍ പോരാടുന്ന സാധാരണ പ്രവര്‍ത്തകര്‍ മിണ്ടാതിരിക്കുന്നത് നിങ്ങളെ ഭയന്നിട്ടല്ല, പൊതു ഇടത്തില്‍ പാര്‍ട്ടിയെക്കുറിച്ച് വിഴുപ്പലക്കാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണെന്നും മുബാസ് ഓടക്കാലി പറഞ്ഞു. തല്ലിപ്പൊളികളായ മക്കള്‍ കുടുംബം കലക്കുന്നത് നോക്കി മിണ്ടാതിരിക്കുന്ന നേതാക്കള്‍ ഉണ്ടെങ്കില്‍ അവരും ശ്രദ്ധിക്കണമെന്നും നേതാക്കളുടെ മൗനം ഈ കുലം മുടിക്കാനുളള പ്രോത്സാഹനം പോലെയാണെന്നും മുബാസ് ഓടക്കാലി കൂട്ടിച്ചേര്‍ത്തു.
മുബാസ് ഓടക്കാലിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
DMC യിലെ സൈബർ ഗുണ്ടകളെ തിരിച്ചറിയണം.
DMC എന്ന ലേബൽ പാർട്ടിയെയും, പ്രവർത്തകരെയും പ്രതിരോധിക്കാൻ ആണ് ഉപയോഗിക്കേണ്ടത് . അല്ലാതെ കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിക്കാനും പ്രതിസന്ധിയിൽ ആക്കാനും ചിലർ ഉപയോഗിക്കുന്ന ലേബൽ അല്ല DMC.
KPCC നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ വെല്ലുവിളിക്കുന്നതും KPCC നേതാക്കളെ താല്പര്യങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്നതുമല്ല DMC. പാർട്ടിക്ക് അകത്ത് നിന്ന് പാർട്ടിയുടെ കഴുക്കോൽ ഊരാൻ നോക്കുന്ന പ്രവർത്തിയല്ല DMC പ്രവർത്തനം.
DMC പോലെ ഡിജിറ്റൽ മീഡിയാ വിഭാഗങ്ങൾ എല്ലാ പാർട്ടിക്കും ഉണ്ട് . BJP ക്കും CPM നും എല്ലാം ഉള്ള ഡിജിറ്റൽ മീഡിയകൾ കോൺഗ്രസിനേക്കാൾ 10 ഇരട്ടി പണം ചിലവഴിച്ചും ശക്തി കാണിച്ചും നിൽക്കുമ്പോഴാണ് സാധാരണക്കാരായ കോൺഗ്രസുകാർ സോഷ്യൽ മീഡിയയിൽ അവരോട് കഷ്ടപ്പെട്ട് പോരാടുന്നത്. മറ്റു പാർട്ടികളിൽ എല്ലാം DMC ഒരു നിഴൽ പോലെ കർട്ടന് പുറകിൽ പ്രവർത്തിക്കുമ്പോഴാണ് കോൺഗ്രസിൽ പാർട്ടിയെയും നേതാക്കളെയും വെല്ലുവിളിക്കും വിധം DMC ലേബലിലുള്ള ചിലരുടെ അഹങ്കാരം.
വിദേശ രാജ്യങ്ങളിൽ ഇരുന്ന് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പാർട്ടി നേതാക്കളെ ഫേക്ക് ഐഡിയിൽ നിന്നും തെറിവിളിച്ചും അല്ലാതെയും ഈ പാർട്ടിയെ ഇല്ലാണ്ടാക്കി കളയാം എന്ന ധാരണയാണ് ചിലർക്കുള്ളത്. ഈ പാർട്ടി നിലനിൽക്കുന്നത് സോഷ്യൽ മീഡിയ വഴി മാത്രമല്ല. നിങ്ങൾ കാണിക്കുന്ന തെമ്മാടിതരങ്ങൾ കണ്ടിട്ടും തെരുവിൽ പോരാടുന്ന സാധാരണ പ്രവർത്തകർ മിണ്ടാതിരിക്കുന്നത് നിങ്ങളെ ഭയന്നിട്ടല്ല പൊതു ഇടത്തിൽ പാർട്ടിയെ കുറിച്ച് വിഴുപ്പലക്കാൻ താല്പര്യമില്ലാതിരുന്നാണ്.
തല്ലിപ്പൊളികളായ മക്കൾ കുടുംബം കലക്കുന്നത് നോക്കി മിണ്ടാതിരിക്കുന്ന നേതാക്കൾ ഉണ്ടെങ്കിൽ അവരും ശ്രദ്ധിച്ചോ? നിങ്ങളുടെ മൗനം ഈ കുലം മുടിക്കാനുള്ള പ്രോത്സാഹനം പോലെയാണ്. നാലും മൂന്ന് ഏഴ് ഫേക്ക് ഐഡികളിൽ നിങ്ങൾ ഉണ്ടാക്കുന്ന വെറുപ്പിന്റെ പാർട്ടി പ്രവർത്തനം പാർട്ടിക്ക് ദോഷമേ ചെയ്യൂ.
DMC എന്ന സംഘടനയിൽ സരിൻ ഉണ്ടാക്കി എടുത്തസൈബർ ഗുണ്ടകൾ ഇനി വേണ്ട. പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സാധാരണക്കാരെ വച്ച് DMC പുനസംഘടിപ്പിക്കണം…
KPCC നേതൃത്വം മൗനം വെടിഞ്ഞ് ഈ ഗുണ്ടകൾക്കെതിരെ പ്രതികരിക്കണം.
മുബാസ് ഓടക്കാലി
(കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി )