സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരള അർബൻ കോൺക്ലേവ് സെപ്റ്റംബർ 12 മുതൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. സെപ്റ്റംബർ 12 മുതൽ 13 വരെ കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിലാണ് കോൺക്ലേവ് നടക്കുന്നത്. 'അസ്പിറിങ് സിറ്റീസ്, ത്രൈവിംഗ് കമ്മ്യൂണിറ്റീസ്' എന്ന ആശയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് 12ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ നഗര നയം രൂപീകരിക്കുന്നതിനായി പരിഗണനാവിഷയങ്ങളെ 10 മേഖലകളായി തിരിച്ചാണ് നഗരനയ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഈ 10 മേഖലകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ അർബൻ കോൺക്ലേവിൽ നടക്കും.

നഗരങ്ങളെ കേവലം ഭൗതിക വികസനത്തിന്റെ കേന്ദ്രങ്ങളായി മാത്രം ചുരുക്കാതെ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തി, സാമൂഹിക നീതി, പരിസ്ഥിതി സൗഹൃദം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്ക് ഊന്നൽ നൽകുക എന്നതാണ് നഗരനയത്തിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേരളം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാ സമ്മർദ്ദങ്ങൾ, തൊഴിൽ-വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികൾ എന്നിവയ്ക്കുള്ള പരിഹാരങ്ങളും കോൺക്ലേവിൽ ചർച്ചയാകും.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. കേന്ദ്ര ഭവനനിർമ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടാർ മുഖ്യാതിഥിയാകും. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അടിസ്ഥാന സൗകര്യ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര നഗരകാര്യ സെക്രട്ടറി കെ. ശ്രീനിവാസ , മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, എ.കെ. ശശീന്ദ്രൻ, പി. രാജീവ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കേര നഗരനയ കമ്മീഷൻ ചെയർമാൻ പ്രൊഫ. എം. സതീഷ്‌കുമാറും, സഹ അധ്യക്ഷനും കൊച്ചി മേയറുമായ അഡ്വ. എം. അനിൽകുമാറും കമ്മീഷൻ്റെ റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ഹൈ ലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മിനിസ്റ്റേഴ്സ്, ലോകത്തിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മേയർമാർ പങ്കെടുക്കുന്ന ഹൈ -ലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മേയേർസ്, കേരളത്തിലെ മുഴുവൻ കോർപറേഷൻ മേയർമാരും മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺമാരും പങ്കെടുക്കുന്ന കൗൺസിലേഴ്സ് അസംബ്ലി തുടങ്ങിയ വേദികൾ കോൺക്ലേവിൻ്റെ സവിശേഷതയാണ്.

ഹൈ -ലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മിനിസ്റ്റേഴ്സ്ൽ ശ്രീലങ്കൻ നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അടിസ്ഥാന സൗകര്യ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, മലേഷ്യയിൽ നിന്നുള്ള ഭവനനിർമ്മാണ, തദ്ദേശഭരണവകുപ്പ് മന്ത്രി ഇങ് കോർ മിങ് എന്നിവരും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരായ കെ.എൻ.നെഹ്റു (തമിഴ്‌നാട്), വിക്രമാദിത്യ സിങ് (ഹിമാചൽ പ്രദേശ്), ഹർദീപ് സിങ് മുണ്ടിയൻ (പഞ്ചാബ്), കൈലാഷ് വിജയ്‌വർഗ്യ (മധ്യപ്രദേശ്), മുൻ രാജ്യസഭാംഗം രാജീവ് ഗൗഡ, ജമ്മുകശ്മീരിൽ നിന്നുള്ള എംഎൽഎ തൻവീർ സാദിഖ് എന്നിവരും പങ്കെടുക്കും.

ഹൈ -ലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മേയേർസിൽ ദക്ഷിണാഫ്രിക്കയിലെ ഡർബൻ മേയർ സിറിൽ സാബ, ശ്രീലങ്കയിലെ കൊളംബോ സിറ്റി മേയർ പ്രൈ കാല്ലി ബൽത്താസർ, മാലിദ്വീപ് മേയർ ആദം അസിം, നേപ്പാളിലെ നിൽക്കന്ത മുനിസിപ്പാലിറ്റി മേയർ ഭിം പ്രസാദ്, ബ്രസീലിയൻ അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എഡ്വേഡോ ടഡ്യ, നേപ്പാളിലെ രത്നനഗർ മുനിസിപ്പാലിറ്റി മേയർ പ്രഹ്ളാദ് സപ്കോട്ട എന്നിവർ വിദേശ പ്രതിനിധികളായി പങ്കെടുക്കും.

ഇന്ത്യയിലെ വിവിധ മുനിസിപ്പൽ കോർപറേഷൻ മേയർമാരും കേരളത്തിലെ ആറു കോർപറേഷനുകളുടെ മേയർമാരും പങ്കെടുക്കും. 10 നയരൂപീകരണ സെഷനുകളും, അഞ്ച് പ്ലീനറി സെഷനുകളും, രണ്ടു ഫോക്കസ് സെഷനുകളും, അഞ്ച് ഫയർസൈഡ് ചാറ്റുകളും, 11 റൗണ്ട് ടേബിൾ സെഷനുകളും കോൺക്ലേവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സെപ്റ്റംബർ 13ന് വൈകിട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റെസിഡൻ്റ് കോഓർഡിനേറ്റർ ഷോംബി ഷാർപ്പ് മുഖ്യാതിഥിയാകും. മന്ത്രിമാരായ എം.ബി രാജേഷ്, പി.രാജീവ് റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ജെ. ചിഞ്ചുറാണി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

കോൺക്ലേവിനോടനുബന്ധിച്ച് സെപ്റ്റംബർ 11 മുതൽ 15 വരെ കൊച്ചി മറൈൻ ഡ്രൈവിൽ വിപുലമായ പ്രദർശനം സംഘടിപ്പിക്കും. കേരളത്തിൻ്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങൾ, നവീന സാങ്കേതിക വിദ്യകൾ, സുസ്ഥിര മാതൃകകൾ, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന വേദിയാകും പ്രദർശനം. അന്തർദേശീയ പ്രതിനിധികൾ, ദേശീയ നയരൂപകർ, അക്കാദമിക് വിദഗ്‌ധർ, വ്യവസായ നേതാക്കൾ, എൻജിഒകൾ, യുവജനങ്ങൾ എന്നിവരടക്കം ആയിരത്തിലധികം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും.

വാർത്ത സമ്മേളനത്തിൽ മന്ത്രി പി രാജീവ്‌, മേയർ അഡ്വ എം. അനിൽ കുമാർ, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, നഗര കാര്യവകുപ്പ് ഡയറക്ടർ സൂരജ് ഷാജി , ഗ്രാമകാര്യവകുപ്പ് ഡയറക്ടർ അപൂർവ്വ ത്രിപാഠി തുടങ്ങിയവർ പങ്കെടുത്തു.