യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ വീണ്ടും കെ.ടി. ജലീല്‍. ദേശവിരുദ്ധ പ്രവര്‍ത്തനമാണ് പി.കെ. ഫിറോസ് നടത്തുന്നതെന്നും അദ്ദേഹം കള്ളപ്പട ഇടപാടുകാരനാണെന്നും കെ.ടി. ജലീല്‍ ആരോപിച്ചു.
റിവേഴ്‌സ് ഹവാല നടത്തിയയാളാണ് പി.കെ. ഫിറോസ്. ഫിറോസുമായി ബന്ധമുള്ളവര്‍ തന്നെയാണ് തനിക്ക് വിവരങ്ങള്‍ നല്‍കുന്നതെന്നും കെ.ടി. ജലീല്‍ ആരോപിച്ചു. നേരത്തെയും പി.കെ. ഫിറോസിനെതിരെ കെ.ടി. ജലീല്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൊപ്പത്തെ 'യമ്മി ഫ്രൈഡ് ചിക്കന്‍' എന്ന കടയില്‍ പി.കെ. ഫിറോസിന് ഷെയറുണ്ടെന്ന് കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു. ഫിറോസിന് ഗള്‍ഫിലെ കമ്പനയില്‍ ജോലിയുണ്ടെന്നും യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചില്‍ വലിയ അഴിമതി നടന്നു എന്നടക്കമുള്ള ആരോപണങ്ങളാണ് കെ.ടി. ജലീല്‍ പറഞ്ഞത്.
പി.കെ. ഫിറോസ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെയില്‍സ് മാനേജര്‍ എന്ന നിലയില്‍ ലക്ഷങ്ങള്‍ വാങ്ങുന്നുവെന്നാണ് കെ.ടി. ജലീല്‍ ആരോപിച്ചത്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രേഡിങ് എല്‍എല്‍സി എന്ന കമ്പനിയുടെ സെയില്‍സ് മാനേജര്‍ ആണ് പി.കെ. ഫിറോസ് എന്ന് ആരോപിച്ച കെടി ജലീല്‍ അത് വ്യക്തമാക്കുന്ന തരത്തില്‍ ഒരു ഐഡി കാര്‍ഡും ഫിറോസിന്റേതെന്ന് കരുതുന്ന വര്‍ക്ക് പെര്‍മിറ്റും പുറത്തുവിട്ടിരുന്നു.
22,000 ദിര്‍ഹ (5 ലക്ഷത്തോളം രൂപ)മാണ് പി.കെ. ഫിറോസിന്റെ മാസ ശമ്പളം. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി ഹവാല, റിവേഴ്‌സ് ഹവാല ഇടപാടുകള്‍ നടത്തുന്നുണ്ട്. 2021ലെ തെരഞ്ഞെടുപ്പില്‍ 25 ലക്ഷം രൂപയിലധികം ബാധ്യതയുണ്ടെന്ന് കാണിച്ച പി.കെ. ഫിറോസ് ആണ് മാസം അഞ്ച് ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്നതെന്നും കെടി ജലീല്‍ ആരോപിച്ചിരുന്നു. താനൂരില്‍ മത്സരിച്ചപ്പോള്‍ ഈ വിവരങ്ങള്‍ പി.കെ. ഫിറോസ് മറച്ചുവെച്ചെന്നും കെ.ടി. ജലീല്‍ ആരോപിച്ചു.