ടി പി സെന്‍കുമാറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍. ടി പി സെന്‍കുമാര്‍ നടത്തിയത് തരംതാണ പ്രതികരണമാണെന്ന് സിദ്ധീഖ് കാപ്പന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ കോമണ്‍സെന്‍സ് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സിദ്ധീഖ് കാപ്പന്‍ പ്രതികരിച്ചു.

'ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. സന്ദീപും ഞാനും ഒരേകാലത്ത് ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചവരാണ്. എനിക്ക് ബിജെപിയിലും ആര്‍എസ്എസിലും എല്ലാ പാര്‍ട്ടികളിലും സുഹൃത്തുക്കള്‍ ഉണ്ടാകും. ഐക്യദാര്‍ഢ്യ സദസ്സില്‍ പങ്കെടുത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല. ജാമ്യ വ്യവസ്ഥ തീരുമാനിച്ചത് സുപ്രീം കോടതിയാണ്. സെന്‍കുമാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം തന്ന കേസല്ല എന്റേത്', സിദ്ധീഖ് കാപ്പന്‍ പറഞ്ഞു.

യുഎപിഎ കേസ് പ്രതി സിദ്ധീഖ് കാപ്പന്‍ ഇന്ന് കൊച്ചി വഞ്ചി സ്‌ക്വയറില്‍ ഒരു പ്രതിഷേധ റാലി അഭിസംബോധന ചെയ്യുന്നുണ്ടെന്നും ഇത് ജാമ്യ വ്യവസ്ഥാ ലംഘനമാണെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കൊച്ചിയില്‍ ഉള്ള പ്രതിഷേധത്തെ പറ്റി, അതിനെതിരെ പ്രതിഷേധിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിഷേധിക്കുന്നത് കാണുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

'കാപ്പന്‍ ഹത്രാസ് യുഎപിഎ കേസില്‍ ജാമ്യത്തിലാണ്. ഈ പറയുന്ന രീതിയില്‍ പങ്കെടുക്കുന്നത് ജാമ്യ വ്യവസ്ഥാ ലംഘനമാണ്. പക്ഷേ ഈ കൊച്ചിയില്‍ ഉള്ള പ്രതിഷേധത്തെ പറ്റി അതിനെതിരെ പ്രതിഷേധിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിഷേധിക്കുന്നത് കാണുന്നില്ല. അതിനൊരു കാരണം എന്താണെന്ന് വെച്ചാല്‍ ഈ സിദ്ദീഖുമായി 'വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന' ഒരാള്‍ ആ പാര്‍ട്ടിയുടെ ഹെഡ് കോട്ടേഴ്‌സില്‍ ഉണ്ട് എന്നതാണ്. വളരെ പ്രധാനപ്പെട്ട ആളായിട്ട് നടക്കുന്നു എന്നുള്ളതാണ്. അതുകൊണ്ട് നമ്മള്‍ക്ക് എവിടെയാണ് ഇത്തരം തീവ്രവാദികളില്‍ നിന്ന് രക്ഷ കിട്ടുക', ടി പി സെന്‍കുമാര്‍ പറഞ്ഞു.