അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ കെ.ടി. ജലീല്‍‌ - പി.കെ. ഫിറോസ് പോര് കനക്കുന്നു. മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ കെ.ടി. ജലീല്‍ മന്ത്രിയായിരുന്ന കാലത്ത് വന്‍ അഴിമതി നടത്തിയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. പി.കെ. ഫിറോസിന്‍റെ പേരിലുള്ള കൂടുതല്‍ സ്ഥാപനങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് മറുപടിയുമായി കെ.ടി. ജലീല്‍ രംഗത്തെത്തി.

അദാനിയുടെ പിറക്കാതെ പോയ മകനാണ് പി.കെ. ഫിറോസെന്നും ആരാന്‍റെ ഊരമേല്‍ കൂരകെട്ടി താമസിക്കുന്ന ആള്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തതെന്നും കെ.ടി. ജലീല്‍ മറുപടി നല്‍കി. പി.കെ. ഫിറോസിന്‍റെ ബിസിനസ് ബന്ധങ്ങളെക്കുറിച്ചും സ്വത്ത് സമ്പാദത്തെക്കുറിച്ചും കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി പി.കെ. ഫിറോസ് രംഗത്തെത്തിയത്. അഴിമതിക്ക്‌ നേതൃത്വം നല്‍കിയത് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി.ജലീലാണെന്നും ഇക്കാര്യം ജലീല്‍ നിഷേധിക്കുന്ന പക്ഷം ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടുമെന്നും സ്ഥലം സന്ദര്‍ശിച്ച ഫിറോസ് പറഞ്ഞു. മന്ത്രി അബ്ദുറഹിമാന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പലയിരട്ടി വില നല്‍കി ഭൂമി ഏറ്റെടുത്തുവെന്നാണ് പ്രധാന ആരോപണം.

മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നത് താൻ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി. ജലീല്‍ മറുപടി നൽകി. 1.70 ലക്ഷം രൂപ നിരക്കിൽ ഭൂമി വാങ്ങാൻ തീരുമാനിച്ചത് ഉമ്മൻ ചാണ്ടി സർക്കാർ കാലത്താണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനോടും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോടുമാണ് പി.കെ. ഫിറോസ് ഇക്കാര്യങ്ങൾ ചോദിക്കേണ്ടതെന്നും കെ.ടി. ജലീല്‍ മറുപടി നല്‍കി. കൊപ്പത്തെ ചിക്കൻ ഫ്രൈ ഷോപ്പിന്‍റെയും ദുബായിലെ ബ്ലു ഫിൻ ടൂറിസം എൽസിസിയുടെയും ഉടമയാണ് പി.കെ. ഫിറോസ് എന്ന ആരോപണം കെ.ടി. ജലീല്‍ ആവർത്തിച്ചു. പി.കെ. ഫിറോസിനെതിരെ വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും കെ.ടി. ജലീല്‍ പറഞ്ഞു