ലഡാക്കിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ അടിച്ചമർത്തുകയാണെന്ന് സിപിഐഎം ആരോപിച്ചു.

അതേസമയം, സോനം വാങ്ചുക്ക് പ്രകോപനപരമായ പ്രസ്താവനകളിലൂടെ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് ലഡാക്ക് ഡിജിപി എസ്.ഡി. സിംഗ് ജാംവാൾ പറഞ്ഞു. ദേശീയ സുരക്ഷാ നിയമം ചുമത്തിയത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലഡാക്കിന് സ്വതന്ത്ര പദവി നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടന്ന പ്രതിഷേധങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും 50-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസ് കൗൺസിലർ സ്റ്റാൻസിൻ സെവാങ്ങിനെതിരെയും കേസെടുത്തിട്ടുണ്ട്.

സോനം വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. വിദേശഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ മേൽ കുറ്റങ്ങളെല്ലാം കെട്ടിവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.