വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്‍റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം.

പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. 'എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.