പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗണഗീതം കുട്ടികള്‍ പാടിയതല്ലെന്നും അവരെക്കൊണ്ട് ചിലര്‍ പാടിച്ചതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യയുടെ മതേതര മനസാക്ഷിക്ക് അവരോട് പൊറുക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

'ഇത് കുട്ടികള്‍ പാടിയതല്ല, പാടിപ്പിച്ചതാണ്. പാടിച്ചവരെ എല്ലാവര്‍ക്കുമറിയാം. അവരാദ്യം പറഞ്ഞത് ദേശീയ പതാക മൂവര്‍ണക്കൊടിയല്ല, പകരം വേണ്ടത് കാവിക്കൊടിയാണെന്ന്. സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ അവരത് പറഞ്ഞു. പിന്നെ അവര്‍ പറഞ്ഞു മഹാത്മാ ഗാന്ധിയല്ല മഹാന്‍, ഗാന്ധിയെ കൊന്ന ഗോഡ്‌സെയാണെന്ന്. ഗോഡ്‌സെയ്ക്ക് വേണ്ടി സ്തുതി ഗീതങ്ങള്‍ പാടി. പിന്നീട് ഭരണഘടന തെറ്റാണെന്ന് പറഞ്ഞു. പകരം മനുസ്മൃതിയെ ആധാരമാക്കിയുള്ള ഭരണ ഘടന വേണമെന്നവര്‍ പറഞ്ഞു.

എത്രയോ കാലമായി ചെയ്തുപോരുന്ന ഭ്രാന്തുപിടിച്ച ഫാസിസ്റ്റ് വര്‍ഗീയതയുടെ അടുത്ത മുഖമാണിത്. ജനഗണമന അല്ല ദേശീയഗാനമെന്ന് പറയുന്നു. ഇതെല്ലാം ഇന്ത്യ കടന്നുപോകുന്ന ആപത്തിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍ കുറ്റക്കാരല്ല, അവരെക്കൊണ്ടിത് ചെയ്യിച്ചു. പാടിപ്പിച്ചു. അവര്‍ക്കറിയാം കുട്ടികളെക്കൊണ്ട് എന്താണ് ചെയ്യിച്ചതെന്ന്. ഇന്ത്യയുടെ മതേതര മനസാക്ഷിക്ക് അവരോട് പൊറുക്കാന്‍ കഴിയില്ല', ബിനോയ് വിശ്വം പറഞ്ഞു.