ജാതിയോ മതമോ ഉപയോഗിച്ച് വിശ്വാസത്തെ വേലികെട്ടി നിർത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ദൈവത്തിന് വിവേചനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻവിധികൊണ്ട് ദൈവികതയെ പരിമിതപ്പെടുത്താൻ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
കാഞ്ചീപുരത്തെ ഗ്രാമത്തിൽ ദളിത് കോളനിയിലൂടെ ക്ഷേത്രരഥം എഴുന്നെള്ളിക്കാനുള്ള നടപടിയെടുക്കാൻ ജില്ലാഭരണകൂടത്തോട് നിർദ്ദേശിച്ചുള്ള ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യങ്ങൾ പരാമർശിച്ചത്. ദൈവത്തെ ആരാധിക്കുന്നതിൽ യാതൊരു വിവേചനവും നടത്തുന്നില്ല എന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കാഞ്ചീപുരം പുത്തഗ്രാം പ്രദേശത്തെ ദളിത് വിഭാഗത്തിൽപ്പെട്ട സെൽവരാജ്, തൊട്ടുകൂടായ്മ നിർമാർജന സമിതി ജില്ലാ സെക്രട്ടറി ആനന്ദൻ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശങ്ങളുണ്ടായത്. ജസ്റ്റിസ് ബാലാജിയുടെ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിശ്വാസത്തെ ഹനിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തൊട്ടുകൂടായ്മ നിർത്തലാക്കപ്പെട്ടിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ആർക്കൊക്കെയാണ് ദൈവത്തിനു മുന്നിൽ നിൽക്കാനും ആരാധിക്കാനും അർഹതയുള്ളതെന്നും ഇല്ലാത്തതെന്നുമൊക്കെയുള്ള നിബന്ധനകൾ നിർദേശിക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
