രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി അതീവ ഗുരുതരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. എന്നിട്ടും, കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെ. സുധാകരനും ഉൾപ്പെടെയുള്ളവർ പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നത് കേരള ജനതയോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയായാണ് കാണാൻ സാധിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
സർക്കാരിന്റെ മുന്നിൽ വന്ന പരാതിയിൽ നിയമാനുസൃതമായ നടപടികളുമായി മുന്നോട്ട് പോകും. ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഓരോരുത്തരുടെയും സംസ്കാരം അനുസരിച്ചാണ് വരുന്നത്. അന്തസ്സും മാന്യതയുമുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, എന്നാൽ അത് രണ്ടും രാഹുലിന് ഇല്ലെന്ന് തനിക്കറിയാമെന്നും കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ കോൺഗ്രസിന്റെ പൊതുസമൂഹത്തോടുള്ള സമീപനം ഇതാണെന്ന കാര്യവും ചർച്ചയാക്കപ്പെടും എന്നതിൽ ഒരു സംശയവുമില്ലെന്ന് മന്ത്രി പറഞ്ഞു. പുറത്തുവന്ന സംഭാഷണങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്.
