അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം.
തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത്. ഇന്ന് രാവിലെ ഏഴരയോടെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓണായെങ്കിലും വീണ്ടും സ്വിച്ച് ഓഫായിരിക്കുകയാണ്.
ഇത് ദൃശ്യം മാതൃകയിലുള്ള പദ്ധതിയാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം രാഹുലിനെതിരെയുള്ള പരാതിയിൽ ഹൈക്കമാൻഡ് സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. തുടർനടപടികൾ കെപിസിസിക്ക് വിടുമെന്നാണ് വിവരം.
