ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട ജില്ല വിട്ടുപോവരുതെന്ന് നിർദേശം നൽകി. ഹൈക്കോടതിയുടെ സുപ്രധാന തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരം രാഹുൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്നെങ്കിലും, സെഷൻസ് ഉത്തരവിനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ ചോദ്യം ചെയ്യൽ നടപടികൾ മാറ്റിവെക്കുകയായിരുന്നു. ഇന്ന് ഹൈക്കോടതി ഈ രണ്ട് ബലാത്സംഗക്കേസുകളും പരിഗണിക്കുന്നതിനാലാണ് പോലീസ് നടപടിക്രമങ്ങൾ മാറ്റിവെച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ നൽകിയ ഹർജിയാണ് ഇതിൽ പ്രധാനം. ഈ കേസിൽ കഴിഞ്ഞയാഴ്ച ജസ്റ്റിസ് കെ. ബാബു രാഹുലിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു.

ഈ കേസിൽ ഇന്ന് വിശദമായ വാദം നടക്കും. രണ്ടാമതായി, ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ സെഷൻസ് കോടതി രാഹുലിന് നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചും ഇന്ന് പരിഗണിക്കും.