തമിഴ്‌നാടാണ് അടുത്ത ലക്ഷ്യം എന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ശക്തമായ മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുഴുവൻ ‘സംഘിപ്പടയുമായി’ വന്നാലും തമിഴ്നാട്ടിൽ ജയിക്കില്ലെന്ന് സ്റ്റാലിൻ തുറന്നടിച്ചു. തമിഴ്നാടിന്റെ സ്വഭാവം അമിത് ഷായ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും, അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തലകുനിക്കില്ലെന്നും ഡി.എം.കെ യുവജന വിഭാഗം യോഗത്തിൽ സ്റ്റാലിൻ വ്യക്തമാക്കി.
ഇതിനിടെ, ഉദയനിധി സ്റ്റാലിനെക്കുറിച്ചുള്ള നിർണ്ണായക പരാമർശവും സ്റ്റാലിൻ നടത്തി. എതിരാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകാരി ഉദയനിധിയാണ് എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.
യുവ നേതാവായ ടിവികെ അധ്യക്ഷൻ വിജയ് യുവാക്കളെ ആകർഷിക്കുന്ന സാഹചര്യത്തിലാണ് ഡി.എം.കെയുടെ ഈ പുതിയ തന്ത്രം. യുവാക്കളെ കൂടുതൽ രംഗത്തിറക്കണമെന്ന ഉദയനിധിയുടെ അഭ്യർത്ഥന അംഗീകരിച്ചതായി സ്റ്റാലിൻ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ യൂത്ത് വിംഗ് നേതാക്കളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധത ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയ സാഹചര്യത്തിൽ, ബി.ജെ.പി.യെ കൂടുതൽ ശക്തമായി എതിർത്ത് മുന്നോട്ട് പോകാനാണ് സ്റ്റാലിന്റെ തീരുമാനം.
