രാജ്യത്ത് നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ നാല് തൊഴിൽ കോഡുകളാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കം തൊഴിലാളി വിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിരവധി വകുപ്പുകൾ ഈ കോഡുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടും കേന്ദ്രം മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ ‘ലേബർ കോൺക്ലേവ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 19-ന് തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പഞ്ചാബ്, തമിഴ്‌നാട്, ജാർഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിലെ തൊഴിൽ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ, സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും കോൺക്ലേവിൽ സന്നിഹിതരാകും.