കർണാടകയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ (ഡി.കെ.എസ്.) 40-ൽ അധികം എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി. ബെളഗാവിയിലെ കോൺഗ്രസ് നേതാവ് പ്രവീൺ ദൊഡ്ഡനവറുടെ ഫാം ഹൗസിലായിരുന്നു അർധരാത്രിയോടെ നടന്ന അത്താഴവിരുന്ന്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന അധികാര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പക്ഷത്തുള്ള എം.എൽ.എമാർ ബെളഗാവിയിൽ നേരത്തെ നടത്തിയ ഒരു അത്താഴവിരുന്നിന് പിന്നാലെയാണ് ഡി.കെ.എസ്. പക്ഷത്തുള്ള ഈ നിർണായക യോഗം എന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം ജനുവരി 15-ന് ശേഷം ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് തുടർച്ചയായ ഈ കൂട്ടായ്മകൾ നടക്കുന്നത്.

കർണാടക തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടാൻ രഹസ്യധാരണയുണ്ടായിരുന്നുവെന്നും, ആദ്യത്തെ 2.5 വർഷം പൂർത്തിയാക്കി സിദ്ധരാമയ്യ സ്ഥാനമൊഴിയുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നവംബർ 20-ന് ആദ്യ ടേം പൂർത്തിയായിട്ടും സിദ്ധരാമയ്യ സ്ഥാനം ഒഴിയാത്തതാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.