കുത്തേറ്റു വീണിട്ടും തളരാതെ നിലകൊണ്ട പോരാട്ടവീര്യത്തിന്റെ പേരാണ് സൈമൺ ബ്രിട്ടോ. കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തെ അസാധാരണമായ ഊർജത്തോടെ ഉണർത്തിയ ആ വിപ്ലവകാരിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം തികയുന്നു. 1983 ഒക്ടോബർ 14-ന്, എറണാകുളം ജനറൽ ആശുപത്രിക്ക് സമീപം KSU അക്രമികളുടെ കുത്തേറ്റു വീഴുമ്പോൾ, SFI നേതാവായ സൈമൺ ബ്രിട്ടോയ്ക്ക് പ്രായം വെറും 29 മാത്രം.

സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കേണ്ട പ്രായത്തിൽ, ഹൃദയത്തെയും ശ്വാസകോശത്തെയും തുളച്ച മാരകമായ കുത്തുകൾകൊണ്ട് ബ്രിട്ടോയുടെ പറക്കൽ അവസാനിപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്. എന്നാൽ ശരീരത്തിന്റെ വെറും 15 ശതമാനം ചലനശേഷിയോടെ അദ്ദേഹം തിരിച്ചുവന്നു—ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും. വീൽചെയറിലിരുന്നുകൊണ്ട് തന്നെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ തീക്ഷ്ണമായ രാഷ്ട്രീയ സാന്നിധ്യമായി അദ്ദേഹം മാറി.
പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും സാമൂഹ്യപ്രവർത്തകനായും ജനപ്രതിനിധിയായും അദ്ദേഹം തന്റെ ജീവിതകാലത്തെ ധന്യമാക്കി.

ബ്രിട്ടോയ്ക്ക് ‘ജീവിക്കുന്ന രക്ഷസാക്ഷി’ എന്ന നില ഒരു മുള്ളുകിരീടമായിരുന്നില്ല; അത് അദ്ദേഹത്തിന്റെ പാർട്ടിയായിരുന്നു. പോരാട്ടങ്ങളൊക്കെയും പാർട്ടിക്കുവേണ്ടിയായിരുന്നു. ആ ശുഭ്രപതാകയുടെ വെളിച്ചത്തിൽ ചുവന്ന മഷിയാൽ ബ്രിട്ടോയെപ്പോലുള്ളവർ എഴുതിച്ചേർത്ത ചരിത്രമാണ് SFI.

ഇന്ന് അരാഷ്ട്രീയ ക്യാമ്പസുകൾക്കായി മുറവിളി ഉയരുമ്പോൾ, നിങ്ങൾ ഒരു മുദ്രാവാക്യമായി മാറുന്നു, പ്രിയ സഖാവേ. രക്തം ചീന്തി നിങ്ങൾ പ്രതിരോധിച്ചതിനാലാണ് നമ്മുടെ കലാലയങ്ങൾ രാഷ്ട്രീയം പറയാൻ പഠിച്ചത്, വിദ്യാർത്ഥികൾ നിവർന്ന് നിൽക്കാൻ പ്രാപ്തരായത്.

സൈമൺ ബ്രിട്ടോ—
ആ പോരാളിയുടെ ഓർമ്മകൾക്ക് മുന്നിൽ
ആദരപൂർവ്വം പ്രണാമം.