ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വേദി പങ്കിട്ട മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക ഫാസിസത്തെയും അന്ധവിശ്വാസങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചു. 93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, രാജ്യത്തിന്റെ ബഹുസ്വരത തകർക്കപ്പെടുകയാണെന്നും ഐതിഹ്യങ്ങളെ ചരിത്രമായി അവതരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും അന്ധവിശ്വാസങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഗുരുവിനോടുള്ള അപമാനമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു മതത്തിന്റെ രാഷ്ട്രമെന്ന സങ്കൽപ്പം തന്നെ ഗുരുനിന്ദയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രാഹ്മണ്യത്തിനും ചാതുർവർണ്യത്തിനുമെതിരെ ഗുരു നടത്തിയ പോരാട്ടങ്ങൾ ഓർമ്മിപ്പിച്ച പിണറായി വിജയൻ, കേരള സർക്കാർ മുന്നോട്ട് പോകുന്നത് ഗുരുവഴിയിലൂടെയാണെന്നും വ്യക്തമാക്കി.

സിദ്ധരാമയ്യയുടെ പ്രസംഗത്തിന് മുമ്പ് വേദി വിട്ടു

സിദ്ധരാമയ്യയുടെ പ്രസംഗം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി വേദി വിട്ടത് ചടങ്ങിൽ ശ്രദ്ധേയമായി. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗം ഉള്ളതിനാലാണ് നേരത്തെ മടങ്ങുന്നതെന്നും, കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിലില്ലാത്തത് ഒരു മര്യാദകേടായി തോന്നുന്നുവെന്നും അദ്ദേഹം മുൻകൂട്ടി അറിയിച്ചിരുന്നു. പിന്നീട് സിദ്ധരാമയ്യയുടെ പ്രസംഗം പൂർത്തിയായ ശേഷം ഉപഹാരം നൽകി മുഖ്യമന്ത്രി ശിവഗിരിയിൽ നിന്ന് മടങ്ങി.