ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആസ്പദമാക്കി നടത്തിയ സർവേയിലാണ് വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയത്.
വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഈ ഫലം തിരിച്ചടിയാണെന്ന് ബിജെപി പ്രതികരിച്ചു.
സർവേയിൽ പങ്കെടുത്ത 83.61% പേരും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രങ്ങൾ കൃത്യമായ ഫലമാണ് നൽകുന്നതെന്ന് 69.39% പേർ സാക്ഷ്യപ്പെടുത്തി. ഇതിൽ തന്നെ 14.22% പേർ ഫലങ്ങൾ നൂറു ശതമാനം വിശ്വസനീയമാണെന്ന നിലപാടുകാരാണ്. ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ നാല് ഡിവിഷനുകളിലായി 102 നിയമസഭാ മണ്ഡലങ്ങളിലാണ് പഠനം നടന്നത്. ആകെ 5,100 പേരിൽ നിന്നാണ് ഈ സർവേയ്ക്കായി വിവരങ്ങൾ ശേഖരിച്ചത്.
തിരഞ്ഞെടുപ്പ് അട്ടിമറിയും വോട്ട് ചോർച്ചയും ആരോപിച്ച് രാഹുൽ ഗാന്ധി ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പടയൊരുക്കം നടത്തുന്നതിനിടെയാണ് ഇവിഎമ്മുകളെ അനുകൂലിച്ചുള്ള കർണാടക സർക്കാരിന്റെ സർവേ ഫലം പുറത്തുവന്നത്.
