തന്‍റെ കുടുംബ ജീവിതം തകര്‍ത്തത് രാഹുൽ മാങ്കൂട്ടത്തിലിനെന്ന് പീഡന പരാതി നൽകിയ യുവതിയുടെ ഭര്‍ത്താവ്. ഇത്രയും ദിവസം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ചും എസ്ഐടിയുമടക്കം വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.
ഒരു എംഎൽഎ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോള്‍ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാൽ, തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ല. യുവതി ഗർഭിണിയാക്കിയതിലും ഗർഭഛിദ്രം നടത്തിയതിലും തന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു. കേരളത്തിലെ ഒരു എംഎൽഎ കുടുംബം തകർക്കുകയാണ് ചെയ്തത്. യുവതിയുടെ ഐഡിറ്റിറ്റി വെളിപ്പെടുത്തിയതോടെ തന്‍റെ ഐഡറ്റിറ്റി കൂടി വെളിപ്പെട്ടുവെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.
സുഹൃത്തുക്കളെയും ബന്ധുക്കളെയും വേണ്ടപ്പെട്ട ആളുകളെയും ക്ഷണിച്ച് ക്ഷണപത്രം അടിച്ച് നടത്തിയ കല്യാണമായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടൂതൽ ഇപ്പോള്‍ പറയുന്നില്ല. ആവശ്യമെങ്കിൽ കോടതിയിൽ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തും. ആവശ്യമായ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അതിജീവിതയുടെ ഭർത്താവ് പരാതി നൽകിയിരുന്നു. തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ പറയുന്നു.
