തൊണ്ടിമുതൽ തിരിമറിക്കേസിൽ താൻ നിരപരാധിയെന്ന് ആന്റണി രാജു. കേസ് രാഷ്ട്രീയ പ്രേരിതമായ കേസാണ്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി ഇന്ന് വിധിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ വരെ ആൻ്റണി രാജുവിനെതിരെ തെളിഞ്ഞതായി നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പെട്ടെന്ന് തന്നെയാണ് തനിക്കെതിരെ കേസ് വന്നത്. നെടുമങ്ങാട് കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
