സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെ-ടെറ്റ് നടപ്പാക്കുന്നതിന് മുൻപും ശേഷവും നിയമിതരായ അധ്യാപകരെ ഒരേ നിലയിൽ കാണുന്നത് ശരിയല്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികളുടെ ഭാഗമായി മാത്രമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും, വിദ്യാഭ്യാസ രംഗത്ത് സർക്കാർ പൊതുസഹായം നൽകുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു.
ഇതിനിടെ, ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ പ്രതിപക്ഷം ബോധപൂർവ്വം ശ്രമിക്കുന്നുവെന്നും, ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനും അടൂർ പ്രകാശിനും മറുപടി പറയാതെ ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
