പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ മേയറെ സ്വീകരണത്തിൽ നിന്ന് ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ മൂന്നാമത് നിൽക്കേണ്ട വ്യക്തിയാണ് മേയർ. പ്രധാനമന്ത്രിയുടെ ഓഫീസിന് പറ്റിയ പിശകാണോ ഇത്. വിശദീകരണങ്ങൾ ഒന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പിസമാണോ വി.വി. രാജേഷിനോടുള്ള വ്യക്തിപരമായ വിരോധമാണോ ഒഴിവാക്കാൻ കാരണം എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.
വികസന നയരേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എത്തി പക്ഷേ ഒരു പ്രഖ്യാപനവും നടത്തിയില്ല. പുതിയ ട്രെയിനുകൾ അനുവദിച്ചതിൽ സന്തോഷമുണ്ട്. പുതിയ സർവീസുകൾ കേരളത്തിന് ആശ്വാസകരമാണ്. മരുഭൂമിയിൽ ഒരു തുള്ളി വെള്ളം നൽകുന്നത് പോലെയാണ് ഈ നടപടിയെന്നും മന്ത്രി പരിഹസിച്ചു.
ശബരിമല പാതയിൽ ഇതുവരെയും നടപടിയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ പദ്ധതിയുടെ ചിലവ് വർധിച്ചു. സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന സാമ്പത്തിക ഉപരോധമാണ് കേന്ദ്രത്തിൻ്റേത്. അവകാശപ്പെട്ട പണം വാങ്ങുന്നില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ അർഹമായ തുക തടഞ്ഞു വച്ചിരിക്കുകയാണ്. കേരളത്തിന് അനുവദിച്ച ഫണ്ട് വാങ്ങുന്നില്ല എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് അടിയന്തരമായി അനുവദിക്കാൻ കേന്ദ്ര ഗവൺമെൻ്റ് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
യുപിയും ബീഹാറും മാതൃകയാക്കിയാണ് കേരളത്തോട് കേന്ദ്രം പെരുമാറുന്നതെന്ന് മന്ത്രി പരിഹസിച്ചു. പിഎം ശ്രീ സ്കൂളുകളെക്കാൾ സൗകര്യങ്ങളാണ് കേരളത്തിലെ സ്കൂളുകളിലുള്ളത്. ബിജെപി നേതാക്കൾ ഇടപെട്ടുകൊണ്ട് കുട്ടികൾക്ക് ലഭിക്കേണ്ട പണം അനുവദിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
