പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ. പ്രസംഗിക്കാൻ വിളിക്കുന്നത് വൈകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എം.പി വേദിയിൽ വെച്ച് തന്നെ നീരസം പ്രകടിപ്പിച്ചു.

ജാഥാ ക്യാപ്റ്റനായ സതീശൻ സംസാരിക്കുന്നതിന് മുൻപ് ഷാഫി പ്രസംഗിക്കേണ്ടതായിരുന്നുവെങ്കിലും, അധ്യക്ഷൻ സതീശനെ നേരിട്ട് പ്രസംഗിക്കാൻ ക്ഷണിച്ചതാണ് തർക്കത്തിന് കാരണമായത്.

പ്രസംഗത്തിനായി സതീശൻ മൈക്കിനടുത്തേക്ക് എത്തിയതിന് പിന്നാലെ ഷാഫിയെ വിളിക്കാൻ അധ്യക്ഷൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് തടഞ്ഞു. “വിളിച്ചു കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്” എന്ന് ചോദിച്ച ഷാഫി വേദിയിൽ വെച്ച് തന്നെ അതൃപ്തി വ്യക്തമാക്കി. സതീശന്റെ പ്രസംഗത്തിന് ശേഷം സംസാരിക്കാൻ അവസരം നൽകിയെങ്കിലും, ഒരു വാചകത്തിൽ പ്രസംഗം ഒതുക്കി ഷാഫി മടങ്ങി. “പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ” എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ സംഭവത്തിൽ വിരുദ്ധമായ വിശദീകരണമാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം നൽകുന്നത്. പരിഭവം ഉണ്ടായിട്ടില്ലെന്നും സമയം വൈകിയത് കൊണ്ട് ഇനി പ്രസംഗിക്കുന്നില്ലെന്ന് ഷാഫി സ്വയം പറഞ്ഞതാണെന്നുമാണ് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പ്രതികരിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയപ്പോൾ ഉണ്ടായ ചെറിയ കൺഫ്യൂഷൻ മാത്രമാണിതെന്ന് അധ്യക്ഷനായിരുന്ന പ്രമോദ് കക്കട്ടിലും വ്യക്തമാക്കി.