ബേപ്പൂർ തുറമുഖത്തെ പോർട്ട് സിറ്റിയായി വികസിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. വിഴിഞ്ഞം, സിയാൽ തുടങ്ങിയ പദ്ധതികളെ മാതൃകയാക്കി ഏകദേശം 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ സാറ്റലൈറ്റ് പോർട്ടായി ബേപ്പൂറിനെ മാറ്റുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ തുറമുഖ വികസനം നടപ്പാക്കാനാണ് തീരുമാനം. ഇതിലൂടെ ബേപ്പൂർ ഒരു പ്രധാന പോർട്ട് സിറ്റിയായി ഉയർന്ന് പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചക്ക് വഴിയൊരുക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

പദ്ധതി നടപ്പാകുന്നതോടെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും നിലവിലെ തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുമായി ആലോചിച്ച് അവരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.