തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ സീറ്റുകളിലും ഇത്തവണ എല്‍ഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയും എംപിയുമായ എ.എ റഹിം. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം എന്നീ മണ്ഡലങ്ങളില്‍ ബിജെപിയെ ഇടതുപക്ഷം പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വിജയപ്രതീക്ഷകള്‍ വെറുതെയാകുമെന്നും, പണവും മദ്യവുമൊഴുക്കി കേരളത്തെ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും റഹീം ആരോപിച്ചു.

ബിജെപിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് എ.എ റഹീം ഉന്നയിച്ചിരിക്കുന്നത്. ഓരോ വീട്ടിലും പതിനായിരം രൂപയിലധികം നല്‍കിയും, ആളുകളുടെ ലോണുകള്‍ തീര്‍ത്തു കൊടുത്തുമാണ് ബിജെപി വോട്ട് വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ വിറ്റു കിട്ടുന്ന കോടിക്കണക്കിന് രൂപയാണ് തിരുവനന്തപുരത്ത് ബിജെപി ഒഴുക്കുന്നതെന്നും, അവര്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ രാഷ്ട്രീയ വോട്ടുകളല്ല മറിച്ച് പണം നല്‍കി വാങ്ങുന്നവയാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.നിലവിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ തുടരണമെന്ന ആഗ്രഹമാണ് ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിച്ചതെന്ന് റഹീം അവകാശപ്പെട്ടു.

എല്‍ഡിഎഫ് ഭരണമില്ലെങ്കില്‍ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുമെന്നും വികസനം തടസ്സപ്പെടുമെന്നും ജനങ്ങള്‍ ഭയപ്പെടുന്നുണ്ട്.തമ്മിലടിക്കാത്ത ഒരു സര്‍ക്കാരിന് മാത്രമേ നാടിന്റെ വികസനം ഉറപ്പാക്കാന്‍ കഴിയൂ എന്ന വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ടെന്നും, ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ ഉറച്ച പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.