സംസ്ഥാനത്ത് കടുത്ത വേനൽ ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലെത്തി. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഉപഭോഗം ഇത്രയും ഉയരുന്നത്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന ഉപയോഗവും ഇന്നലെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുതൽ രൂക്ഷമാകുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലവിലുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഇന്നലെ പാലക്കാട് 39.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകൽ സമയത്ത് പുറത്തുപോകുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ മതിയായ വെള്ളം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ പതിയാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് നിർദേശം.