അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. റാമിന്റെ ധർമ്മടം ചിറക്കുനിയിലെ ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
തുടർന്ന് പ്രവർത്തകർ ക്ലിനിക്ക് പൂട്ടിയതായി ബോർഡ് സ്ഥാപിക്കുകയും ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.പ്രതിഷേധം പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ക്ലിനിക്കിലേക്ക് കടന്നുകയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിക്കുന്നതിനിടയിൽ ചിലർ കെട്ടിടത്തിന് മുകളിൽ കയറി ക്ലിനിക്ക് ചങ്ങലയിട്ട് പൂട്ടുകയും ‘ജാതിവെറിയന്റെ ക്ലിനിക്ക്’ എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
ക്ലിനിക്കിന് മുന്നിൽ ഡിവൈഎഫ്‌ഐയുടെ കൊടിയും അംബേദ്കറുടെ ചിത്രവും പതിച്ചു.ഡിവൈഎഫ്‌ഐ ധർമ്മടം നോർത്ത് മേഖല കമ്മിറ്റി, അണ്ടല്ലൂർ മേഖല കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു.
