മുഖ്യമന്ത്രി ചർച്ച ഒരു വശത്ത് നടന്നുകൊണ്ടിരിക്കെ കോൺഗ്രസിൽ മന്ത്രി ചർച്ചകളും സജീവം. യുഡിഎഫ് അധികാരത്തിലെത്തിയാൽ 20ൽ അധികം എംഎൽഎമാരാണ് മന്ത്രിസ്ഥാനത്തേക്ക് കണ്ണ് വെക്കുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നിലവിലെ കണക്കനുസരിച്ച് 11 പേർക്കാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനത്തിന് അർഹത.

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ വി.ഡി സതീശൻ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വി.ഡി മുഖ്യമന്ത്രി ആയാലും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിഖ്‌, ടി.എൻ പ്രതാപൻ, പി.സി വിഷ്ണുനാഥ്, കെ.മുരളീധരൻ, എന്നിവർ ജയിച്ചത്തിയാൽ ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകും.

ഷാനിമോൾ ഉസ്മാൻ, ഉമ തോമസ്, ബിന്ദു കൃഷ്ണ എന്നിവരിൽ ആരാകും മന്ത്രിസഭയിലെ വനിതാ മുഖം എന്നതിലും ചർച്ച തുടങ്ങി കഴിഞ്ഞു.ഇതിനൊപ്പം പത്തിലധികം എംഎൽഎമാർ മന്ത്രി കസേരയിൽ കണ്ണ് വച്ച് ചരട് വലികൾ ആരംഭിച്ചിട്ടുണ്ട്. നാടാർ പ്രതിനിധി എന്ന നിലയിൽ തിരുവനന്തപുരത്ത് നിന്ന് എൻ. ശക്തനും ലത്തീൻ പ്രതിനിധിയായി എം. വിൻസെന്റും അവകാശവാദം ഉന്നയിക്കും. എന്നാൽ, വിൻസെന്റിന് എതിരായ കേസ് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ടി.ജെ വിനോദിനെ പരിഗണിച്ചേക്കും.