തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ ടിവികെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. നിലവിലെ സർക്കാർ അഞ്ച് വർഷം തികയ്ക്കില്ലെന്നും ഡിഎംകെയുടെ കരുണയിലാണ് ഈ ഭരണം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നടികൾ.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ ഒരു രാഷ്ട്രീയ മുന്നേറ്റമായല്ല, മറിച്ച് ഒരു ‘സിനിമാ സുനാമി’ ആയാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട ചലച്ചിത്ര താരം പാർട്ടി രൂപീകരിച്ചപ്പോൾ ഉണ്ടായ താൽക്കാലിക ആവേശം മാത്രമാണ് വോട്ടർമാരെ വിജയിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. ഈ കളിപ്പാട്ടത്തോടുള്ള കൗതുകം അധികം വൈകാതെ നഷ്ടപ്പെടുമെന്നും, പിന്നീട് ജനം തിരികെ ഡിഎംകെയെത്തന്നെ തേടി വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഭൂരിപക്ഷമായ 118 സീറ്റുകൾ സ്വന്തമായി നേടാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ലെന്നും സർക്കാർ അസ്ഥിരമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. നിലവിൽ ഡിഎംകെയുടെ ഔദാര്യത്തിലാണ് ഈ സർക്കാർ നിലനിൽക്കുന്നതെന്നും, ഏത് നിമിഷം വേണമെങ്കിലും ഇത് തകർന്നു വീഴാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സഖ്യകക്ഷികളുടെ പിന്തുണയോടെ മാത്രം മുന്നോട്ടുപോകുന്ന ഈ ഭരണം ദുർബലമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഖ്യം വിട്ട് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്, വിസികെ തുടങ്ങിയ കക്ഷികളെക്കുറിച്ചും സ്റ്റാലിൻ പരാമർശിച്ചു. തുടക്കത്തിൽ പുറത്തുനിന്നുള്ള പിന്തുണ നൽകിയവർ പിന്നീട് മന്ത്രിസഭയുടെ ഭാഗമാവുകയായിരുന്നു. ഈ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് ഭൂരിപക്ഷം തികയ്ക്കാൻ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വന്നു. 133 സീറ്റുകളിൽ നിന്ന് 59-ലേക്ക് ഡിഎംകെ ഒതുങ്ങിയ തിരഞ്ഞെടുപ്പിൽ, കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവിയും വലിയ ചർച്ചയായിരുന്നു. ഏതായാലും സ്റ്റാലിന്റെ പ്രസ്താവന തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
