യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപനം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്നും തെറ്റുകൾ തിരുത്താനുള്ള യാതൊരു സൂചനയും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് കാണുന്നില്ലെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടത്ത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെക്കുറിച്ചും അവരുടെ നയങ്ങളെക്കുറിച്ചും പരാമർശിക്കാത്തത് വലിയ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാർ കേരളത്തെ നിരന്തരം അവഗണിക്കുന്നുണ്ടെന്ന കാര്യം കോൺഗ്രസിന് അറിയാത്തതല്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. "കേന്ദ്രത്തിന്റെ തെറ്റായ സമീപനങ്ങളെയും അവഗണനകളെയും തുറന്നുകാട്ടേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാരിന് അതിന് സാധിക്കുന്നില്ല. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും പാചകവാതകത്തിനും വില അടിക്കടി വർദ്ധിക്കുമ്പോഴും അതിനെതിരെ ഉണർന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല."- അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാർ അധികാരമേറ്റിട്ട് കുറഞ്ഞ നാളുകളേ ആയിട്ടുള്ളൂ എന്നതിനാൽ സർക്കാരിനെക്കുറിച്ച് പൂർണ്ണമായ ഒരു വിലയിരുത്തലിനുള്ള സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ വികസനത്തിലേക്ക് മുന്നോട്ട് നയിക്കാൻ ഉതകുന്ന നിലപാടുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെങ്കിൽ അതിനെ പിന്തുണയ്ക്കും. എന്നാൽ ജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തും. വരും ദിവസങ്ങളിൽ ജനപക്ഷത്തുനിന്നുള്ള ശക്തമായ ക്രിയാത്മക പ്രതിപക്ഷമായി എൽ.ഡി.എഫ് നിയമസഭയ്ക്കകത്തും പുറത്തും പ്രവർത്തിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
