മുഖ്യമന്ത്രി വിഡി സതീശന് എതിരെ കോൺഗ്രസ്സിൽ ഇപ്പോൾ നടക്കുന്നത് വൻ പടപ്പുറപ്പാടാണ്. മന്ത്രിസഭയെ നോക്കുകുത്തിയാക്കി മുന്നോട്ട് പോകുന്ന സതീശൻ്റെ ഏകാധിപത്യ നടപടിക്ക് മൂക്ക് കയറിടാൻ കോർകമ്മറ്റി രൂപീകരിക്കാനാണ് ഹൈക്കമാൻ്റ് നീക്കം. കർണ്ണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരം ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കമാൻ്റ് പച്ചക്കൊടി കാട്ടിയിരുന്നു.

ഇതേ മോഡലിൽ കേരളത്തിലും ഒരു കോർഡിനേഷൻ കമ്മറ്റി വേണമെന്നതാണ് കോൺഗ്രസ്സ് മന്ത്രിമാരുടെയും എംഎൽഎമാരുടെലും നിലപാട്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കമാൻ്റിനെ കാണാനാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ തീരുമാനിച്ചിരിക്കുന്നത്.

മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെയും നേതാക്കളെയും നോക്കുകുത്തിയാക്കി ഏകാധിപത്യ ശൈലിയിൽ മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രിയുടെ നീക്കം തുടക്കത്തിലേ തടഞ്ഞില്ലങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരും നേതൃത്വത്തിന് നൽകിയിട്ടുണ്ട്. റവന്യൂ മന്ത്രി എപി അനിൽകുമാർ അറിയാതെ മുഖ്യമന്ത്രി ഇടപെട്ട് കളക്ടർമാരെ മാറ്റിയതും പി കെ കുഞ്ഞാലിക്കുട്ടി അറിയാതെ പുതിയ വ്യവസായ വകുപ്പ് ഡയറക്ടറെ നിയമിച്ചത് മുസ്ലിംലീഗിനെയും ചൊടിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ ചുമതല പൊതുഭരണ വകുപ്പിനായതിനാൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആ അധികാരം ദുരുപയോഗം ചെയ്യുന്നതായാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.

സസ്പെൻഷനിൽ തുടരുന്ന ഐഎഎസ് ഓഫീസർമാരായ ബി അശോകിനെയും പ്രശാന്തിനെയും സർവ്വീസിൽ തിരിച്ചെടുക്കാത്തതും മുഖ്യമന്ത്രിക്ക് എതിരായ വികാരമായാണ് ഉയർന്നിരിക്കുന്നത്. ബി അശോകിനെ ആഭ്യന്തര സെകട്ടറിയാക്കി നിയമിക്കണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനുമേലും മുഖ്യമന്ത്രി വിഡി സതീശൻ മുഖം തിരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് സീനിയർ നേതാവായ രാമേശ് ചെന്നിത്തലയെയും ചൊടിപ്പിച്ചിട്ടുണ്ട്.

പരസ്പര ധാരണയും ചർച്ചയും ഏകോപനവും ഇല്ലാത്തതിനാൽ പൊലീസ് ഉന്നത തലത്തിലെ അഴിച്ചു പണിയും നീളുകയാണ്. ഇത് യു ഡി എഫിൻ്റെ പൊലീസ് നയം നടപ്പാക്കാൻ തടസ്സമായി മാറുന്നുണ്ട് എന്നത് ഉന്നത നേതാക്കൾ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്. മുഖ്യമന്ത്രി ഏകപക്ഷിയമായി ഐ.എഎസ്-ഐപിഎസ് നിയമനങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ അത് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലന്ന കടുത്ത നിലപാടിലാണ് ഈ വകുപ്പകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുള്ളത്.