എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് തനിക്ക് വ്യക്തിപരമായി യാതൊരുവിധ വിയോജിപ്പോ പ്രശ്നങ്ങളോ ഇല്ലെന്ന് മന്ത്രി ടി. സിദ്ദിഖ്. വർഗീയതയോടും വിഭാഗീയതയോടും ഐക്യപ്പെട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പലതവണ വ്യക്തമാക്കിയതാണെന്നും, എന്നാൽ വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ ആരെങ്കിലും വെള്ളാപ്പള്ളി നടേശനെ കാണാൻ പോകുന്നതിനെ തെറ്റുപറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സാമുദായിക നേതാക്കൾ സമൂഹത്തിൽ പ്രധാനപ്പെട്ടവരാണെന്ന് വ്യക്തമാക്കിയ മന്ത്രി, സാമുദായിക സൗഹൃദമാണ് നമ്മുടെ സമ്പത്തെന്നും അത് വരുംതലമുറകൾക്കായി നിലനിർത്താൻ കോൺഗ്രസ് മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു.

വാര്‍ത്താസമ്മേളനത്തില്‍ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും ടി സിദ്ദിഖ് പ്രതികരിച്ചു. മീഡിയ റൂമിൽ മന്ത്രി ടി. സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തത് മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ‘മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കൊലയാളി’ക്കൊപ്പം ഒരേ വേദി പങ്കിടാനാകില്ലെന്ന് മാധ്യമപ്രവർത്തകർ നിലപാട് എടുത്തതോടെ ശ്രീറാം വെങ്കിട്ടരാമൻ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഉദ്യോഗസ്ഥർ കൃഷി വകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ഈ വിഷയത്തിൽ ഒരു വിവാദത്തിലേക്കും പോകാൻ താൻ ആഗ്രഹിക്കുന്നില്ല. ഇതിനു മുൻപും കൃഷി മന്ത്രിയുടെ കൂടെ വാർത്താസമ്മേളനങ്ങളിലും മറ്റ് ഔദ്യോഗിക പരിപാടികളിലും ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം മറ്റൊരു വകുപ്പിലേക്ക് മാറിയാലും തന്റെ ജോലിയുടെ ഭാഗമായി ഇത്തരം ചടങ്ങുകളിൽ വരണമെന്നതായിരുന്നു മന്ത്രിയുടെ വിശദീകരണം.