വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ സെബിക്ക് മുന്നിലേക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതു താത്പര്യവും ദേശീയ സുരക്ഷയും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയൻ സെബിക്ക് കത്തയച്ചു. സെബിക്ക് മുന്നിലും അദാനി കാര്യങ്ങൾ വ്യക്തമായി അറിയിച്ചില്ല. സർക്കാർ അറിഞ്ഞില്ലെന്ന വാദം സംശയാസ്പദമാണ്. കെ.സി. വേണുഗോപാൽ പറഞ്ഞ പോലെ അദാനി കേരളത്തിലും സൂപ്പർ സർക്കാരോ എന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ യുഡിഎഫ് സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലെന്ന കാര്യം അദാനി ഗ്രൂപ്പ് സെബിയെ അറിയിച്ചിട്ടില്ല. ഇത് ചട്ട ലംഘനമാണെന്നും വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയന്റെ കത്ത്. അനുമതി ഇല്ലാതെ ഓഹരി കൈമാറാൻ ശ്രമിച്ചതിൽ നിയമോപദേശം തേടാനും നിയമനടപടികൾ സ്വീകരിക്കാനും സർക്കാർ ജാഗ്രത കാണിക്കുന്നില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
കരാറുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കേണ്ട തുറമുഖം, നിയമം, ധനകാര്യം എന്നീ വകുപ്പുകൾ മുഖ്യമന്ത്രിയുടെ കയ്യിലാണെന്നത് ദുരൂഹത വർധിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. കെ.സി. വേണുഗോപാൽ പറഞ്ഞ പോലെ അദാനി കേരളത്തിലും സൂപ്പർ സർക്കാരോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
