വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ മന്ത്രിസഭയിലും പാർട്ടിയിലും വിശദമായ ചർച്ചകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

അദാനിയെയും കോൺഗ്രസിനെയും കൂട്ടിക്കെട്ടി വിമർശിക്കുന്നത് ശരിയല്ലെന്നും വിഴിഞ്ഞം പദ്ധതിയിലേക്ക് അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നത് കോൺഗ്രസ് അല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തിൽ എല്ലാ തലങ്ങളിലും ആലോചനകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും തന്റെ അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എന്ന നിലപാടാണ് താൻ പിന്തുണയ്ക്കുന്നതെന്നും എല്ലാ ചുമതലകളും ഒരാൾക്ക് തന്നെ നൽകേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസിസി ഓഫീസുകൾക്ക് മുന്നിൽ ഫ്ലക്സ് ഉയർത്തുന്ന പ്രവണതയും ശരിയായ രീതിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യവും ലോട്ടറിയുമാണെന്ന് ചൂണ്ടിക്കാട്ടിയ മുല്ലപ്പള്ളി, മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തനിക്കില്ലെന്നും വ്യക്തമാക്കി. എൽഡിഎഫ് ഭരണകാലത്ത് ‘വീര്യം കുറഞ്ഞ മദ്യം’ എന്ന ആശയം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശാലമായ ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കാനാകൂ എന്നും ഒറ്റയടിക്ക് മദ്യനിരോധനം നടപ്പാക്കുക പ്രായോഗികമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.