വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എം.എസ്.സി ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സി.പി.എം രംഗത്ത്. വിഴിഞ്ഞം തുറമുഖം പൂർണ്ണമായി കൈക്കലാക്കാനുള്ള വിദേശ കമ്പനിയുടെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കൃത്യമായ പ്ലാനോടെ കൂട്ടുനിന്നുവെന്നാണ് സി.പി.എം ആരോപിക്കുന്നത്.

അദാനിയുമായും എം.എസ്.സി കമ്പനിയുമായും മുഖ്യമന്ത്രി വലിയൊരു സാമ്പത്തിക ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഈ കരാറിലൂടെ ലഭിക്കുന്ന അവിഹിത ആനുകൂല്യങ്ങൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കാണെന്നും ആരോപിച്ച പാർട്ടി, ഈ കൊള്ളക്കരാർ ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

25 ശതമാനത്തിലധികം ഓഹരികൾ കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നിരിക്കെ ജൂൺ 29-ന് തന്നെ രഹസ്യമായി കരാർ ഒപ്പിട്ടുകഴിഞ്ഞുവെന്നും, ഓഹരി കൈമാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് വൻ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള രാഷ്ട്രീയ ഇടപാടാണ് ഇവിടെ നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആഞ്ഞടിച്ചു.