അയോധ്യയിലെ രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ (ആർടിഐ) പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കി സിപിഐ എം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ട്രസ്റ്റ് ഒരു പൊതു അതോറിറ്റിയല്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

സുപ്രീംകോടതി വിധിയെ തുടർന്ന് കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് നിലവിൽ വന്നതെന്നും, പാർലമെന്ററി നിയമപ്രകാരം ഏറ്റെടുത്ത ഭൂമി ട്രസ്റ്റിൽ നിക്ഷിപ്തമാക്കിയതാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. അതിനാൽ ട്രസ്റ്റിനെ ആർടിഐ നിയമത്തിൽ നിന്ന് ഒഴിവാക്കുന്നത് സുതാര്യതയ്ക്കും പൊതുഉത്തരവാദിത്തത്തിനും വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ട്രസ്റ്റിന്റെ ഭരണഘടനയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ പൂർണമായും സ്വകാര്യ സ്ഥാപനമായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതസ്ഥാപനങ്ങളിലൊന്നായ രാമക്ഷേത്രത്തിന്റെ ഭരണവും കോടിക്കണക്കിന് ഭക്തരുടെ സംഭാവനകളും കൈകാര്യം ചെയ്യുന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) 2025 ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിൽ ട്രസ്റ്റ് ആർടിഐ നിയമപ്രകാരമുള്ള ‘പൊതു അതോറിറ്റി’ അല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് പുനഃപരിശോധിച്ച് വിഷയത്തിൽ വ്യക്തമായ നിയമപരമായ തീരുമാനം ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.