കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കരുതെന്ന് മുഖ്യന്ത്രി വിഡി സതീശനോട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കോറോ ഹെല്‍ത്തിലെ പിരിച്ചവിടല്‍ ചൂണ്ടക്കാട്ടിയാണ് കത്ത്.കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കായി കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡുകള്‍ തൊഴിലാളികളെ അങ്ങേയറ്റം ദോഷകരമായാണ് ബാധിക്കുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കൂട്ടപ്പിരിച്ചുവിടലെന്നും പിണറായി കത്തില്‍ പറയുന്നു.
'കേരളത്തില്‍ പുതിയ ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്ത് നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍, നിലവിലുള്ള 'ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട് 1947' പ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടത്. ഇതനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത് പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്.
എന്നിട്ടും പരസ്യമായി നിയമം ലംഘിക്കാന്‍ കമ്പനിക്ക് ധൈര്യം വരുന്നത് സംസ്ഥാന സര്‍ക്കാരിന്റെയും തൊഴില്‍ വകുപ്പിന്റെയും നിസ്സംഗത കൊണ്ടാണ്. കോര്‍പ്പറേറ്റുകള്‍ തൊഴിലാളികളെ തെരുവിലേക്ക് തള്ളിയിടുമ്പോള്‍ നോക്കുകുത്തിയായി നില്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മുന്‍കൂര്‍ നോട്ടീസോ അര്‍ഹമായ നഷ്ടപരിഹാരമോ നല്‍കാതെ തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാനുള്ള ലൈസന്‍സായി ലേബര്‍ കോഡുകള്‍ മാറിയിരിക്കുകയാണ്. ഐടി അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവരെയുള്‍പ്പെടെ പുതിയ തൊഴില്‍ പരിഷ്കാരങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് കൊറോ ഹെല്‍ത്തിലെ നടപടി കാണിക്കുന്നത്. കമ്പനി മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കരുത്'- പിണറായി പറയുന്നു.
