പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കങ്ങൾക്കിടെ ലീഗ് നേതാക്കളെ രൂക്ഷമായി പരിഹസിച്ച് കെ.ടി. ജലീൽ. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് ലീഗ് നേതാക്കൾ മുൻപ് പറഞ്ഞതിനെ സൂചിപ്പിച്ചാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അറബിക്കടലിൽ വെള്ളം ഇല്ലാത്തതിനാൽ പദ്ധതി എറിയുന്നത് മാറ്റിവെച്ചതായി പാണക്കാട് നിന്നുള്ള അറിയിപ്പ് വന്നിട്ടുണ്ടെന്നും, നികുതി കുറച്ചതോടെ വിലകുറവിൽ കിട്ടുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ കൃത്രിമ കുളമുണ്ടാക്കി അതിലേക്ക് എറിഞ്ഞാലും കുഴപ്പമില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സഹായം നിലയ്ക്കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടും നിയമോപദേശവും വിലയിരുത്തിയ ശേഷം അടുത്തയാഴ്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
