സംസ്ഥാനത്തെ മഴക്കെടുതിയും മിന്നൽപ്രളയ സാഹചര്യവും കൈകാര്യം ചെയ്തതിൽ സർക്കാർ സംവിധാനങ്ങൾ പാളിയെന്ന വിമർശനം ശക്തമാകുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അനാസ്ഥയും ഏകോപനക്കുറവും ഉണ്ടായതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന പരാതിയും അദ്ദേഹം ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഉണ്ടായത് "സർക്കാർ നിർമിത പ്രളയം" ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മൂഴിയാർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിന് മുമ്പ് ആവശ്യമായ മുന്നറിയിപ്പുകളും നടപടിക്രമങ്ങളും പാലിച്ചില്ലെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം.

അതേസമയം, റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങൾക്ക് കൂടുതൽ സഹായം ഉറപ്പാക്കുമെന്നും എംഎൽഎയുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.