ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി-യുവജന പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചതാണെന്നും, നരേന്ദ്ര മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രകടനമാണിതെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
തൊഴിൽരഹിതരായ യുവാക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും യുവജനങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും പൊലീസ് നടപടികളും ഉണ്ടായിട്ടും വിദ്യാർഥികളും യുവജനങ്ങളും സമരത്തിൽ നിന്ന് പിന്മാറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമടക്കം സമരത്തിന് വ്യാപക പിന്തുണ ലഭിച്ചതായും, വിദ്യാർഥി സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സമരത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതായും എം.എ. ബേബി പറഞ്ഞു. എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ തുടക്കം മുതൽ സമരത്തോടൊപ്പം നിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ രംഗത്തെ കേന്ദ്രീകരണം, വാണിജ്യവൽക്കരണം, വർഗീയവൽക്കരണം എന്നിവയ്ക്ക് വഴിയൊരുക്കുന്നതാണെന്ന് വിമർശിച്ച അദ്ദേഹം, വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ അതിനെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.
വിദ്യാർഥി-യുവജന പ്രക്ഷോഭം രാജ്യത്ത് നിലനിന്നിരുന്ന ഭയത്തിന്റെ അന്തരീക്ഷം തകർത്തുവെന്നും, ഐക്യത്തോടെയുള്ള ജനകീയ പോരാട്ടങ്ങൾ വിജയിക്കുമെന്ന സന്ദേശമാണ് ജന്തർമന്തർ സമരം നൽകുന്നതെന്നും എം.എ. ബേബി പറഞ്ഞു. സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രാജ്യത്ത് ഉയർന്നുവരുന്ന ജനാധിപത്യ പ്രതിരോധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
