രാജ്യത്തെ എല്ലാ ടിപ്പർ വാഹനങ്ങൾക്കും ചരക്ക് വയ്ക്കുന്ന ലോഡ് കാര്യേജ് മുകളിൽ നിന്ന് പൂർണമായി അടയ്ക്കാവുന്ന യന്ത്രവത്കൃത കവറിങ് സംവിധാനം നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. 2027 ഏപ്രിൽ 1 മുതൽ ഈ സംവിധാനം എല്ലാ ടിപ്പറുകളിലും നിർബന്ധമായും ഉണ്ടായിരിക്കണം.

റോഡിലൂടെ സഞ്ചരിക്കുന്ന സമയത്ത് ലോഡ് കാര്യേജ് പൂർണമായി അടച്ചിരിക്കണമെന്നാണ് നിർദേശം. ടിപ്പറുകളിൽ നിന്ന് മണൽ, മണ്ണ്, കല്ല് തുടങ്ങിയ വസ്തുക്കൾ പുറത്തേക്ക് വീണ് അപകടങ്ങൾ ഉണ്ടാകുന്നതും പൊടിപടരൽ മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കുക എന്നതാണ് പുതിയ ചട്ടത്തിന്റെ പ്രധാന ലക്ഷ്യം.

യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നുകിടക്കുകയാണെങ്കിൽ ഡ്രൈവറെ അറിയിക്കുന്ന മുന്നറിയിപ്പ് സംവിധാനവും വാഹനങ്ങളിൽ സജ്ജീകരിക്കണം. നിർദേശിച്ചിരിക്കുന്ന കവറിങ് സംവിധാനം ഇലക്ട്രോ-മെക്കാനിക്കൽ അല്ലെങ്കിൽ ഹൈഡ്രോളിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതായിരിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ചട്ടം നിലവിൽ വരുന്നതോടെ ടിപ്പർ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാകുകയും റോഡപകടങ്ങളും പൊടിമലിനീകരണവും കുറയ്ക്കാൻ സഹായിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.