സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചു. പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുന്നതായും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
പദ്ധതി സംബന്ധിച്ച ആശങ്കകൾ സ്വകാര്യ ബസ് ഉടമകൾ ഗതാഗത മന്ത്രി സി.പി. ജോണിനെ നിരവധി തവണ അറിയിച്ചിരുന്നുവെങ്കിലും പരിഹാര നടപടികൾ ഉണ്ടായില്ലെന്നാണ് ആരോപണം. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ മത്സരക്ഷമത നഷ്ടപ്പെട്ടുവെന്നും കെഎസ്ആർടിസിക്ക് മാത്രം അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു.
സൗജന്യ യാത്രയുടെ ആനുകൂല്യം ലഭിക്കുന്നതിനായി വലിയ തോതിൽ യാത്രക്കാർ സ്വകാര്യ ബസുകളിൽ നിന്ന് കെഎസ്ആർടിസിയിലേക്ക് മാറിയതായും ഇതുമൂലം സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞതായും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ സർവീസുകൾ നടത്തുന്നത് സാമ്പത്തികമായി ലാഭകരമല്ലാത്ത അവസ്ഥയിലാണെന്നും അവർ പറയുന്നു.
പദ്ധതി നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്ത് 750-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതായി ഹർജിയിൽ വ്യക്തമാക്കുന്നു. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലായെന്നും ഓരോ ദിവസവും കൂടുതൽ വനിതാ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് മാറുന്നത് സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക നഷ്ടം വർധിപ്പിക്കുന്നതായും ബസ് ഉടമകൾ ആരോപിച്ചു.
