തമിഴ്‌നാടിന്റെ ലോക്‌സഭാ പ്രാതിനിധ്യം കുറയാതിരിക്കാൻ രാജ്യത്തെ ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543 ആയി നിലനിർത്തണമെന്നും, ഇതിനായി അടിയന്തരമായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പാർലമെന്ററി, നിയമസഭാ മണ്ഡലങ്ങളുടെ നിർദ്ദിഷ്ട അതിർത്തി പുനർനിർണയം സംബന്ധിച്ച് ആഗസ്റ്റ് 12-ന് തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. സംസ്ഥാനങ്ങൾക്കിടയിലെ നിലവിലെ ലോക്‌സഭാ സീറ്റുകളുടെ അനുപാതം മാറ്റമില്ലാതെ നിലനിർത്തണമെന്നാണ് തമിഴ്‌നാടിന്റെ പ്രധാന ആവശ്യം.
വരാനിരിക്കുന്ന ജനസംഖ്യാ സെൻസസിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 81(2)(എ) പ്രകാരം മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗണ്യമായ ലോക്‌സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്കയാണ് തമിഴ്‌നാട് ഉയർത്തുന്നത്.
ജനസംഖ്യാ നിയന്ത്രണം, സാമ്പത്തിക പുരോഗതി, പൊതുജനക്ഷേമം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനങ്ങളെ പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കുന്നതിനു തുല്യമായ സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
1967-ൽ നടന്ന മണ്ഡല പുനർനിർണയത്തെ തുടർന്ന് തമിഴ്‌നാടിന്റെ ലോക്‌സഭാ സീറ്റുകൾ 41-ൽ നിന്ന് 39 ആയി കുറഞ്ഞ അനുഭവവും അദ്ദേഹം ഓർമിപ്പിച്ചു. ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ വിജയിച്ച സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുന്നത് ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിന് വിരുദ്ധമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
ലോക്‌സഭാ സീറ്റുകളുടെ പുനർവിന്യാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉയർത്തുന്ന ആശങ്കകൾ കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
