കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന 14 ലബോറട്ടറി പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തി. പാത്തോളജി, ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ വിവിധ പരിശോധനകൾക്കാണ് ഇനി 30 രൂപ മുതൽ 800 രൂപ വരെ ഈടാക്കുക.
കാൻസർ രോഗനിർണയത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിലെ പ്രധാന പരിശോധനകൾ ഇതുവരെ സൗജന്യമായിരുന്നു. പുതിയ നിരക്ക് പ്രകാരം ബയോപ്സി പരിശോധനയ്ക്ക് 150 രൂപ നൽകേണ്ടിവരും.
ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്താൻ നടത്തുന്ന ലൂപ്പസ് ആന്റി കോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവ് പരിശോധനകൾക്കും ഇനി മുതൽ രോഗികളിൽ നിന്ന് തുക ഈടാക്കും. ചികിത്സയ്ക്കും രോഗനിർണയത്തിനുമായി ആശ്രയിക്കുന്ന നിരവധി രോഗികൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് ആശങ്ക.
പരിശോധനകൾക്കായി ഉപയോഗിക്കുന്ന റീജന്റുകൾ ഉൾപ്പെടെയുള്ള ഉപഭോഗ വസ്തുക്കളുടെ വില ഗണ്യമായി വർധിച്ചതാണ് ഫീസ് ഏർപ്പെടുത്താൻ കാരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചു. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
