മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നും അന്വേഷണം മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സിപിഐഎമ്മിനെതിരായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ഒത്താശയോടെയാണ് ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾ കടന്നാക്രമണം നടത്തുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് റിയാസുമായി പരിചയമുണ്ടെന്ന കാരണത്താൽ മാത്രം നിരവധി പേരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിയുമായി ബന്ധമുള്ളവരെ ലക്ഷ്യമാക്കി റെയ്ഡുകൾ നടത്തി പുകമറ സൃഷ്ടിക്കാനും സിപിഐഎമ്മിനെതിരായ പൊതുമനോഭാവം രൂപപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഹമ്മദ് റിയാസിനെതിരെ ആരോപണങ്ങൾ ഉയർത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും എന്നാൽ അതിൽ യാതൊരു വസ്തുതയും ഇല്ലെന്ന് എല്ലാവർക്കും അറിയാമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങൾക്ക് രാഷ്ട്രീയമായിത്തന്നെ മറുപടി നൽകുമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തുന്ന അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് മൗനം പാലിക്കുന്ന ഇഡി, ഇപ്പോൾ സിപിഐഎമ്മിനെതിരായ നടപടികളിൽ സജീവമാണെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടി വിരുദ്ധ ശക്തികളുടെ പട്ടികയിൽ ഇഡി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു