പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി മായ രാഹുലിനെ പുതിയ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് മായ രാഹുൽ ചെയർപേഴ്സൺ സ്ഥാനത്തെത്തിയത്.

എൽഡിഎഫിലെ 12 അംഗങ്ങൾക്കും മൂന്ന് കോൺഗ്രസ് വിമതർക്കും പുറമെ ഒരാളുടെ പിന്തുണയും മായ രാഹുലിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ബിനോയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്. നിലവിലെ വൈസ് ചെയർപേഴ്സണായിരുന്ന മായ രാഹുൽ തന്നെയാണ് ഇപ്പോൾ നഗരസഭ അധ്യക്ഷയായത്.

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്ന് ദിയ ബിനു പുളിക്കക്കണ്ടത്തിന് ചെയർപേഴ്സൺ സ്ഥാനം നഷ്ടമായിരുന്നു. 12 എൽഡിഎഫ് അംഗങ്ങൾക്കൊപ്പം നാല് കോൺഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചെയർപേഴ്സനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചത്.

26 അംഗങ്ങളാണ് പാലാ നഗരസഭയിലുള്ളത്. എൽഡിഎഫിന് 12ഉം യുഡിഎഫിന് 10ഉം കൗൺസിലർമാരാണുള്ളത്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളും സ്വതന്ത്ര അംഗമായ മായ രാഹുലും ഉൾപ്പെടെയാണ് ആകെ 26 അംഗങ്ങൾ.